2013 മാർച്ച് 23, ശനിയാഴ്‌ച

ബലിക്കാക്ക

 

ബലിക്കാക്ക

______________________________________________
എള്ളുകലർന്നൊരാ
വറ്റു കൊത്താതെ


ഊരി എറിഞ്ഞോരാ
ദർഭയെ നോക്കി 


ഒരു കൈയ്യടി താളം
കേൾക്കാൻ കാതോർത്ത്


എന്നേ ഇരിക്കുന്നു
എന്റെ കരൾ കൊമ്പിലെ
ബലിക്കാക്ക

___________________________________________________

                                         റിജോവിരുത്തികണ്ടത്തിൽ         

2013 മാർച്ച് 17, ഞായറാഴ്‌ച

വിരിഞ്ഞ്.........വിരിഞ്ഞ്

വിരിഞ്ഞ്.........വിരിഞ്ഞ്

_____________________________________________________

പൂക്കളോട് എന്നും എനിക്ക് സഹതാപമായിരുന്നു ....!!!


പോകരുതെന്ന് കൈകൂപ്പി കേണിട്ടും ഒരു യാത്രാമൊഴിയുടെ സാന്ത്വനം പോലുംഅരുളാതെ പടിഞ്ഞാറേ ചക്രവാളത്തിൽ ഉരുകിയലിയുന്ന പ്രിയതമനെ നോക്കി കണ്ണുകളടച്ചു വിതുമ്പുന്ന വിരഹിണിയായ താമര പൂക്കളോട്....

രാത്രിയെ സ്നേഹിച്ച് സ്നേഹിച്ച് രാത്രിയിൽ ജനിച്ചു തന്റെ സൗന്ദര്യവും സൗരഭ്യവും ആരാലും ആസ്വദിക്കപ്പെടാതെ രാത്രിയുടെ ഇരുണ്ട മടിത്തട്ടിൽ മരിച്ചു വീഴുന്ന നിശാഗന്ധികളോട്.........

സൂര്യനെ സ്നേഹിച്ച് സൂര്യനെ മോഹിച്ച്. കണ്ണിമചിമ്മാതെ സൂര്യനെ നോക്കികൊണ്ട് തന്റെ ഇത്തിരി ജീവൻ ജീവിക്കാതെ തീർക്കുന്ന സൂര്യകാന്തി പൂക്കളോട്..........

തീരത്ത്‌ വിരിഞ്ഞ് തീരത്തിന്റെ സൗന്ദര്യമായി  തീരത്തിന്റെ സുഗന്ധമായി ഒടുവിൽ നിലയില്ലാ നീരൊഴുക്കിൽ വീണു എങ്ങോട്ടെന്നില്ലാതെ ഒഴുകി മറയുന്ന കൈതപൂക്കളോട്.............

ഒരു നിമിഷനേരത്തെ കണിയാവാൻ ഒരു വേനലിന്റെ ഉഷ്ണം മുഴുവൻ നെഞ്ചിലേറ്റി ഉതിർന്ന് മണ്ണിൽ ലയിക്കുന്ന കണിക്കൊന്ന പൂക്കളോട്.....

മുത്തശ്ശി കഥകളിലെ യക്ഷിയോടൊപ്പം ഞാനറിഞ്ഞ പാല പൂക്കളോട്......

മഴചാറ്റൽ പോലുള്ള പ്രണയങ്ങൾക്ക് നിറം പകരാൻ കഴുത്തറുത്തു സമ്മാനിക്ക പ്പെടുന്ന പനിനീർ പൂക്കളോട്......

___________________________________________________________

                                                                                          റിജോ വിരുത്തികണ്ടത്തിൽ        

2013 മാർച്ച് 12, ചൊവ്വാഴ്ച

അവസരവാദി

_______________________________________________________

 
രാവിലെ ചായയോടൊപ്പം തൊണ്ടതൊടാതെ വിഴുങ്ങിയ നാല് പീഡന വാര്‍ത്തകള്‍ ദഹിക്കാത്തതിനാല്‍ സ്വീകരണ മുറിയിലെ സോഫയിലിരുന്ന് ഞ്ഞെരിപിരി കൊള്ളുകയായിരുന്നു അയാള്‍.
അപ്പോഴാ പത്രത്തില്‍നിന്ന് കണ്ണെടുക്കാതെ ഭാര്യയടെ വക ഒരു ഫ്രീകിക്ക്
"അല്ല നമ്മുടെ നാടിന്‍റെ പോക്കിതെങ്ങോട്ടാ........പീഡനം , വാണിഭം , ബലാല്‍ത്സംഗം...പത്രമെടുത്ത്‌ തുറന്നാല്‍ ഇതെയുളൂ കാണാന്‍ .....ദൈവമേ ഈ നീചന്‍മാരായ ആണുങ്ങളുടെ ഇടയില്‍ ഞങ്ങള്‍ സ്ത്രീകള്‍ എങ്ങിനെ ജീവിക്കും "
അയാള്‍ ഒന്ന് ഞെട്ടി ...... ഈ വീട്ടിലും ഒരു ഫെമിനിസ്റ്റൊ...അല്ല അവളെയും കുറ്റം പറയാന്‍ കഴിയില്ല കുറച്ചു ദിവസങ്ങളായി ആണ്‍ നീചതയുടെ വാര്‍ത്തകള്‍ മാത്രമാണല്ലോ മാധ്യമങ്ങള്‍ കൊണ്ടുവന്നു തരുന്നത് ........എന്നാലും അങ്ങിനെ വിട്ടുകൊടുക്കാന്‍ പറ്റില്ലല്ലോ....
"ഏടോ... ഫാര്യെ......ആണുങ്ങളെ അങ്ങിനെ കുറ്റം പറയാതെ...... പെണ്‍പിള്ളേരെ വളര്‍ത്തേണ്ടത്പോലെ വളര്‍ത്തണം....... ന്താ ഇപ്പോഴത്തെ കുട്ട്യോള്‍ടെ ഒരു കോലം ഉള്ളത് മുഴുവന്‍ പുറത്തു കാണിച്ചല്ലേ നടപ്പ്.....മര്യാദക്കു നടന്നാല്‍ ഒരു കുഴപ്പവുമുണ്ടാകില്ല.....അച്ഛനമ്മമാര് ശ്രദ്ദിക്കണം ഫാഷനത്രേ ഫാഷന്‍.....വളര്‍ത്തുദോഷം...ഹല്ലാ പിന്നെ "
ഇത് കേട്ട ഭാര്യ പത്രവായന അടുത്ത പേജിലേക്ക് കടന്നു പേജു മറിയുടെ ശക്തി ചരമവാര്‍ഷിക കോളത്തിലെ ചിരിച്ചുകൊണ്ട് നിന്ന ആളുടെ പടത്തെ അദ്ദേഹത്തിന്‍റെ സതപ്ത കുടുംബാന്ഗങ്ങളില്‍ നിന്നും വേര്‍ പെടുത്തിയത് അയാള്‍ കണ്ടില്ല.
"അച്ഛാ ഞാന്‍ കോളേജില്‍ പോകുന്നു " യാത്രാമൊഴി കേട്ട ഭാഗത്തേക്ക് അയാള്‍ തല വെട്ടിച്ചു നോക്കി ലോവേസ്റ്റു ജീന്‍സും സ്കിന്‍ഫിറ്റ്‌ ടി ഷര്‍ട്ടും ധരിച്ചു ഹൈഹീല്‍ പാദുകത്തിന്‍റെ മുകളില്‍ സര്‍ക്കസ്സിലെ ട്രിപ്പീസു കളിക്കാരന്‍ നില്‍ക്കുന്നതുപോലെ ഗോവണി പടിയുടെ മുകളില്‍ ബാലന്‍സ് ചെയ്തു നില്‍ക്കുന്ന മകള്‍
" തനിച്ചു പോണ്ട ഞാന്‍ കൊണ്ടുവിടാം കോളേജില്‍.... ഇന്നത്തെ കാലമാ ഒരുത്തനെയും വിശ്വസിക്കാന്‍ കഴിയില്ല "

************************************************
പിന്‍കുറിപ്പ് : ദൈവമേ രക്ഷിക്കണേ എന്നേം എന്‍റെ കുടുംബത്തേം....!!!!
ലേബല്‍ : തോന്യാസം അഥവാ തല്ലുകൊള്ളിത്തരം

_____________________________________________________

റിജോ വിരുത്തികണ്ടത്തില്‍