_______________________________________________________
രാവിലെ ചായയോടൊപ്പം തൊണ്ടതൊടാതെ വിഴുങ്ങിയ നാല് പീഡന വാര്‍ത്തകള്‍ ദഹിക്കാത്തതിനാല്‍ സ്വീകരണ മുറിയിലെ സോഫയിലിരുന്ന് ഞ്ഞെരിപിരി കൊള്ളുകയായിരുന്നു അയാള്‍.
അപ്പോഴാ പത്രത്തില്‍നിന്ന് കണ്ണെടുക്കാതെ ഭാര്യയടെ വക ഒരു ഫ്രീകിക്ക്
"അല്ല നമ്മുടെ നാടിന്‍റെ പോക്കിതെങ്ങോട്ടാ........പീഡനം , വാണിഭം , ബലാല്‍ത്സംഗം...പത്രമെടുത്ത് തുറന്നാല്‍ ഇതെയുളൂ കാണാന്‍ .....ദൈവമേ ഈ നീചന്‍മാരായ ആണുങ്ങളുടെ ഇടയില്‍ ഞങ്ങള്‍ സ്ത്രീകള്‍ എങ്ങിനെ ജീവിക്കും "
അയാള്‍ ഒന്ന് ഞെട്ടി ...... ഈ വീട്ടിലും ഒരു ഫെമിനിസ്റ്റൊ...അല്ല അവളെയും കുറ്റം പറയാന്‍ കഴിയില്ല കുറച്ചു ദിവസങ്ങളായി ആണ്‍ നീചതയുടെ വാര്‍ത്തകള്‍ മാത്രമാണല്ലോ മാധ്യമങ്ങള്‍ കൊണ്ടുവന്നു തരുന്നത് ........എന്നാലും അങ്ങിനെ വിട്ടുകൊടുക്കാന്‍ പറ്റില്ലല്ലോ....
"ഏടോ... ഫാര്യെ......ആണുങ്ങളെ അങ്ങിനെ കുറ്റം പറയാതെ...... പെണ്‍പിള്ളേരെ വളര്‍ത്തേണ്ടത്പോലെ വളര്‍ത്തണം....... ന്താ ഇപ്പോഴത്തെ കുട്ട്യോള്‍ടെ ഒരു കോലം ഉള്ളത് മുഴുവന്‍ പുറത്തു കാണിച്ചല്ലേ നടപ്പ്.....മര്യാദക്കു നടന്നാല്‍ ഒരു കുഴപ്പവുമുണ്ടാകില്ല.....അച്ഛനമ്മമാര് ശ്രദ്ദിക്കണം ഫാഷനത്രേ ഫാഷന്‍.....വളര്‍ത്തുദോഷം...ഹല്ലാ പിന്നെ "
ഇത് കേട്ട ഭാര്യ പത്രവായന അടുത്ത പേജിലേക്ക് കടന്നു പേജു മറിയുടെ ശക്തി ചരമവാര്‍ഷിക കോളത്തിലെ ചിരിച്ചുകൊണ്ട് നിന്ന ആളുടെ പടത്തെ അദ്ദേഹത്തിന്‍റെ സതപ്ത കുടുംബാന്ഗങ്ങളില്‍ നിന്നും വേര്‍ പെടുത്തിയത് അയാള്‍ കണ്ടില്ല.
"അച്ഛാ ഞാന്‍ കോളേജില്‍ പോകുന്നു " യാത്രാമൊഴി കേട്ട ഭാഗത്തേക്ക് അയാള്‍ തല വെട്ടിച്ചു നോക്കി ലോവേസ്റ്റു ജീന്‍സും സ്കിന്‍ഫിറ്റ് ടി ഷര്‍ട്ടും ധരിച്ചു ഹൈഹീല്‍ പാദുകത്തിന്‍റെ മുകളില്‍ സര്‍ക്കസ്സിലെ ട്രിപ്പീസു കളിക്കാരന്‍ നില്‍ക്കുന്നതുപോലെ ഗോവണി പടിയുടെ മുകളില്‍ ബാലന്‍സ് ചെയ്തു നില്‍ക്കുന്ന മകള്‍
" തനിച്ചു പോണ്ട ഞാന്‍ കൊണ്ടുവിടാം കോളേജില്‍.... ഇന്നത്തെ കാലമാ ഒരുത്തനെയും വിശ്വസിക്കാന്‍ കഴിയില്ല "
************************************************
പിന്‍കുറിപ്പ് : ദൈവമേ രക്ഷിക്കണേ എന്നേം എന്‍റെ കുടുംബത്തേം....!!!!
ലേബല്‍ : തോന്യാസം അഥവാ തല്ലുകൊള്ളിത്തരം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ