2013 ഡിസംബർ 18, ബുധനാഴ്‌ച

വഴിക്കണ്ണുകൾ -

വഴിക്കണ്ണുകൾ
--------------------------------------------------

മഴമേഘമെത്തയിൽ അലസമായ് 
ഉറങ്ങിയിരുന്ന നിൻ മൌനം 

എൻ വിരൽ സ്പർശ്ശത്താൽ
ഒരിടിമിന്നലായ് പിടഞ്ഞുണർന്നു

പക്ഷേ എനിക്കറിയാം മുഴങ്ങുവാനല്ല
മൃദുവായ് നിശബ്ദമായ് എന്നിൽ
പൈയ്തു തോരാനായിരുന്നു
നിന്റെ മോഹമെന്ന്

ഈ ആരണ്യകാണ്ഡത്തിന്റെ അവസാനം
ഞാൻ വരും നിന്റ്റെ മൌനമേഘത്തിൽ
മഴവില്ല്തീർക്കാൻ ചായം മുക്കിയ
നിന്റെ കനവുകളെ എന്റെ കരളിന്റെ
ക്യാൻവാസിൽ ചേര്ത്തു വരയ്ക്കാൻ

പക്ഷേ ഇനിയും കാതങ്ങളോളം ദൂരമുണ്ട്
എന്റെ നിറം മുക്കിയ പ്രതീക്ഷകൾക്കും
എന്റെ വരവിനായ് നീ മിഴികൾ പാകിയ
നിന്റെ വഴിക്കണ്ണിനും 

____________________________________________
റിജോ വിരുത്തികണ്ടത്തിൽ

അമ്പലപ്രാവ്


അമ്പലപ്രാവ്
**********************************
ഞാനൊരമ്പല (പാവ്
അറവുകാർ നേർച്ചയായ്
സ്വർണ്ണം പൂശിയ 
താഴികകുടത്തിനു കീഴെ
എനിക്കുമുണ്ടൊരു കൂട്

ജാതിചോദിച്ചില്ലാരുമെന്നോട്
ഞാനൊട്ട് പറഞ്ഞതുമില്ല
സന്നിധിയിൽവന്ന്
മോക്ഷമിരക്കുന്നവരെ
ഞാനൊട്ട് കണ്ടതുമില്ല

രസീതടിച്ച അനു(ഗഹത്തിനും
ഭണ്ഡാര പുരയിലെ
വീതംവെക്കലിനും
ഞാൻ പങ്കുകാരനുമല്ല

പടച്ചോറിനായ്
പടവെട്ടുമുണ്ണികളുടെ
വിശപ്പതാറ്റാൻ
ത(ന്തിയറിയാത്ത
ത(ന്തമതൊന്നുണ്ടതെനിക്കറിയാം

ദേവനായ്ദിനം
തീക്കനൽകൊള്ളുമാപൊന്നുരുളീൽ
രണ്ടുവറ്റുഞാൻ കൊത്താതെ
വെക്കാറുണ്ടവരെയൂട്ടാൻ

********************************

റിജോ വി കെ


നിനക്കുവേണ്ടി
******************

പിന്നിട്ട വഴികളിലെവിടെയോ
ഞാൻ ചവിട്ടി കടന്നുപോയ 

നിൻറ്റെ കണ്ണീർ തുള്ളികളുടെ
ഉപ്പുണങ്ങി കിടക്കുന്നുണ്ട്

എനിക്കുവേണ്ടി നീ
കരഞ്ഞുതീർത്ത രാവുകളുടെ
വീട്ടാകടങ്ങൾ ബാക്കിയുണ്ട്

ഞാൻ തൊടുത്ത അവഗണനയുടെ
വിഷശരങ്ങൾ നിൻറ്റെ ഹൃദയത്തെ
കീറി മുറിക്കുന്നുണ്ട്

നിന്നെയും ചേർത്ത് ഞാൻ
നൈയ്ത സ്വപ്നങ്ങളുടെ
ഇഴയകൽച്ചകൾക്കിടയിൽ
കുരുങ്ങി പിടയുന്നുണ്ട്
നീ എന്ന സ്നേഹം

പക്ഷേ കാലത്തിൻറ്റെ
കൽപടവുകളിൽ വീണുടയുകയായിരുന്നു
സ്നേഹമെന്ന ചില്ലുപാ(തം

തിരിച്ചു പോകാം നമുക്കാ
ബാല്യത്തിലേക്ക്

നിന്നെ സ്വപ്നംകാണാൻപഠിപ്പിച്ച
ആ വർണ്ണതുമ്പിയെ കൂടെ കൂട്ടാം
അതിനെകൊണ്ട് എനിയും
വെള്ളാരം കല്ലുകൾഎടുപ്പിക്കാം

തീരത്തെ പഞ്ചാരമണലിൽ
കളിവീടുകെട്ടി സ്വപ്നങ്ങൾനെയ്യാം

കളിവീടിലെ സ്വപ്നങ്ങളെ
മണൽതരികളാക്കി തന്നോട്ചേർത്ത തിരകളോട്
പിണങ്ങി നിന്ന് പായാരം ചൊല്ലാം

കോർത്തുപിടിച്ച കൈവിരലുകൾക്കിടയിൽ കാലം
മായ്ച്ച സൗഹൃദം തിരയാം

ക്ലാവുപിടിച്ച മനസ്സുകളെ തേച്ചുമിനുക്കി 
പരസ്പരം കാണുന്ന കണ്ണാടിയാക്കാം

തീരത്തടിയുന്ന വലംപിരിശംഖിൽ

നീലക്കടലിൻറ്റെസാധകം കേൾക്കാം

പിന്നെ നിൻറ്റെ തുമ്പിയുടെ
വർണ്ണചിറകുളിൽ നീ മഴവില്ല്
തിരയുമ്പോൾ കട്ടുറുമ്പാകാതെ
ഞാൻ ഓർമ്മകളിലൊളിക്കാം

* * * *
റിജോ.വി.കെ

2013 മാർച്ച് 23, ശനിയാഴ്‌ച

ബലിക്കാക്ക

 

ബലിക്കാക്ക

______________________________________________
എള്ളുകലർന്നൊരാ
വറ്റു കൊത്താതെ


ഊരി എറിഞ്ഞോരാ
ദർഭയെ നോക്കി 


ഒരു കൈയ്യടി താളം
കേൾക്കാൻ കാതോർത്ത്


എന്നേ ഇരിക്കുന്നു
എന്റെ കരൾ കൊമ്പിലെ
ബലിക്കാക്ക

___________________________________________________

                                         റിജോവിരുത്തികണ്ടത്തിൽ         

2013 മാർച്ച് 17, ഞായറാഴ്‌ച

വിരിഞ്ഞ്.........വിരിഞ്ഞ്

വിരിഞ്ഞ്.........വിരിഞ്ഞ്

_____________________________________________________

പൂക്കളോട് എന്നും എനിക്ക് സഹതാപമായിരുന്നു ....!!!


പോകരുതെന്ന് കൈകൂപ്പി കേണിട്ടും ഒരു യാത്രാമൊഴിയുടെ സാന്ത്വനം പോലുംഅരുളാതെ പടിഞ്ഞാറേ ചക്രവാളത്തിൽ ഉരുകിയലിയുന്ന പ്രിയതമനെ നോക്കി കണ്ണുകളടച്ചു വിതുമ്പുന്ന വിരഹിണിയായ താമര പൂക്കളോട്....

രാത്രിയെ സ്നേഹിച്ച് സ്നേഹിച്ച് രാത്രിയിൽ ജനിച്ചു തന്റെ സൗന്ദര്യവും സൗരഭ്യവും ആരാലും ആസ്വദിക്കപ്പെടാതെ രാത്രിയുടെ ഇരുണ്ട മടിത്തട്ടിൽ മരിച്ചു വീഴുന്ന നിശാഗന്ധികളോട്.........

സൂര്യനെ സ്നേഹിച്ച് സൂര്യനെ മോഹിച്ച്. കണ്ണിമചിമ്മാതെ സൂര്യനെ നോക്കികൊണ്ട് തന്റെ ഇത്തിരി ജീവൻ ജീവിക്കാതെ തീർക്കുന്ന സൂര്യകാന്തി പൂക്കളോട്..........

തീരത്ത്‌ വിരിഞ്ഞ് തീരത്തിന്റെ സൗന്ദര്യമായി  തീരത്തിന്റെ സുഗന്ധമായി ഒടുവിൽ നിലയില്ലാ നീരൊഴുക്കിൽ വീണു എങ്ങോട്ടെന്നില്ലാതെ ഒഴുകി മറയുന്ന കൈതപൂക്കളോട്.............

ഒരു നിമിഷനേരത്തെ കണിയാവാൻ ഒരു വേനലിന്റെ ഉഷ്ണം മുഴുവൻ നെഞ്ചിലേറ്റി ഉതിർന്ന് മണ്ണിൽ ലയിക്കുന്ന കണിക്കൊന്ന പൂക്കളോട്.....

മുത്തശ്ശി കഥകളിലെ യക്ഷിയോടൊപ്പം ഞാനറിഞ്ഞ പാല പൂക്കളോട്......

മഴചാറ്റൽ പോലുള്ള പ്രണയങ്ങൾക്ക് നിറം പകരാൻ കഴുത്തറുത്തു സമ്മാനിക്ക പ്പെടുന്ന പനിനീർ പൂക്കളോട്......

___________________________________________________________

                                                                                          റിജോ വിരുത്തികണ്ടത്തിൽ        

2013 മാർച്ച് 12, ചൊവ്വാഴ്ച

അവസരവാദി

_______________________________________________________

 
രാവിലെ ചായയോടൊപ്പം തൊണ്ടതൊടാതെ വിഴുങ്ങിയ നാല് പീഡന വാര്‍ത്തകള്‍ ദഹിക്കാത്തതിനാല്‍ സ്വീകരണ മുറിയിലെ സോഫയിലിരുന്ന് ഞ്ഞെരിപിരി കൊള്ളുകയായിരുന്നു അയാള്‍.
അപ്പോഴാ പത്രത്തില്‍നിന്ന് കണ്ണെടുക്കാതെ ഭാര്യയടെ വക ഒരു ഫ്രീകിക്ക്
"അല്ല നമ്മുടെ നാടിന്‍റെ പോക്കിതെങ്ങോട്ടാ........പീഡനം , വാണിഭം , ബലാല്‍ത്സംഗം...പത്രമെടുത്ത്‌ തുറന്നാല്‍ ഇതെയുളൂ കാണാന്‍ .....ദൈവമേ ഈ നീചന്‍മാരായ ആണുങ്ങളുടെ ഇടയില്‍ ഞങ്ങള്‍ സ്ത്രീകള്‍ എങ്ങിനെ ജീവിക്കും "
അയാള്‍ ഒന്ന് ഞെട്ടി ...... ഈ വീട്ടിലും ഒരു ഫെമിനിസ്റ്റൊ...അല്ല അവളെയും കുറ്റം പറയാന്‍ കഴിയില്ല കുറച്ചു ദിവസങ്ങളായി ആണ്‍ നീചതയുടെ വാര്‍ത്തകള്‍ മാത്രമാണല്ലോ മാധ്യമങ്ങള്‍ കൊണ്ടുവന്നു തരുന്നത് ........എന്നാലും അങ്ങിനെ വിട്ടുകൊടുക്കാന്‍ പറ്റില്ലല്ലോ....
"ഏടോ... ഫാര്യെ......ആണുങ്ങളെ അങ്ങിനെ കുറ്റം പറയാതെ...... പെണ്‍പിള്ളേരെ വളര്‍ത്തേണ്ടത്പോലെ വളര്‍ത്തണം....... ന്താ ഇപ്പോഴത്തെ കുട്ട്യോള്‍ടെ ഒരു കോലം ഉള്ളത് മുഴുവന്‍ പുറത്തു കാണിച്ചല്ലേ നടപ്പ്.....മര്യാദക്കു നടന്നാല്‍ ഒരു കുഴപ്പവുമുണ്ടാകില്ല.....അച്ഛനമ്മമാര് ശ്രദ്ദിക്കണം ഫാഷനത്രേ ഫാഷന്‍.....വളര്‍ത്തുദോഷം...ഹല്ലാ പിന്നെ "
ഇത് കേട്ട ഭാര്യ പത്രവായന അടുത്ത പേജിലേക്ക് കടന്നു പേജു മറിയുടെ ശക്തി ചരമവാര്‍ഷിക കോളത്തിലെ ചിരിച്ചുകൊണ്ട് നിന്ന ആളുടെ പടത്തെ അദ്ദേഹത്തിന്‍റെ സതപ്ത കുടുംബാന്ഗങ്ങളില്‍ നിന്നും വേര്‍ പെടുത്തിയത് അയാള്‍ കണ്ടില്ല.
"അച്ഛാ ഞാന്‍ കോളേജില്‍ പോകുന്നു " യാത്രാമൊഴി കേട്ട ഭാഗത്തേക്ക് അയാള്‍ തല വെട്ടിച്ചു നോക്കി ലോവേസ്റ്റു ജീന്‍സും സ്കിന്‍ഫിറ്റ്‌ ടി ഷര്‍ട്ടും ധരിച്ചു ഹൈഹീല്‍ പാദുകത്തിന്‍റെ മുകളില്‍ സര്‍ക്കസ്സിലെ ട്രിപ്പീസു കളിക്കാരന്‍ നില്‍ക്കുന്നതുപോലെ ഗോവണി പടിയുടെ മുകളില്‍ ബാലന്‍സ് ചെയ്തു നില്‍ക്കുന്ന മകള്‍
" തനിച്ചു പോണ്ട ഞാന്‍ കൊണ്ടുവിടാം കോളേജില്‍.... ഇന്നത്തെ കാലമാ ഒരുത്തനെയും വിശ്വസിക്കാന്‍ കഴിയില്ല "

************************************************
പിന്‍കുറിപ്പ് : ദൈവമേ രക്ഷിക്കണേ എന്നേം എന്‍റെ കുടുംബത്തേം....!!!!
ലേബല്‍ : തോന്യാസം അഥവാ തല്ലുകൊള്ളിത്തരം

_____________________________________________________

റിജോ വിരുത്തികണ്ടത്തില്‍

2013 ഫെബ്രുവരി 25, തിങ്കളാഴ്‌ച

സ്വര്‍ഗത്തില്‍നിന്ന് സ്നേഹപൂര്‍വ്വം



   ഭൂമിയില്‍ ചെയ്തതില്‍ഏറെയും പാപങ്ങള്‍ ആയിരുന്നു എന്നിട്ടും ഞാന്‍ എങ്ങിനെ ഇവിടെഎത്തി
സ്വര്‍ലോകത്തിന്‍റെ ഗോപുരവാതിലിന്‍ മുന്നിലെത്തിയപ്പോള്‍മുതല്‍ തുടങ്ങിയ  ആകാംക്ഷ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
അങ്ങിനെ ആകാംക്ഷയുടെ അവസാനം ചിത്രഗുപ്തന്‍റെ കണക്കുപുസ്തകത്തില്‍ ഞാന്‍ പതുക്കെ കണ്ണോടിച്ചു  ഞാന്‍ ചെയ്ത പാപ ഗണിതങ്ങള്‍ അതില്‍ കറുത്ത അക്ഷരങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു.
 അവസാനം സുവര്‍ണ്ണ ലിപികളില്‍ എഴുതിയതെന്താണെന്നു ഞാന്‍ നിന്നോട് പറഞ്ഞു കൊള്ളട്ടെ......................................................................


നീയാകും വലംപിരിശംഖില്‍ നിന്നും എന്നിലെക്കൊഴുകിയിറങ്ങിയ സ്നേഹ തീര്‍ത്ഥം എന്നിലെ പാപങ്ങളൊക്കെയും കഴുകി കളഞ്ഞിരുന്നെന്ന്...........


                                                                  റിജോ വിരുത്തികണ്ടത്തില്‍


2013 ഫെബ്രുവരി 23, ശനിയാഴ്‌ച

ഒരു ചുമടുതാങ്ങി

എവിടയാണ് ഞാന്‍ എന്‍റെ മനസ്സിനു ഒരു ചുമടുതാങ്ങി കണ്ടെത്തുക? ഇത്തിരിനേരമെങ്കിലും എനിക്കൊന്നു
കണ്ണടച്ചുറങ്ങാന്‍ ഒരു ആല്‍ത്തറ വേണം… ഒരു ഉറക്കുപാട്ടായി ആലിലകള്‍ താളം
പിടിക്കുമ്പോള്‍ നിഴല്‍ വീഴാത്ത സ്വപ്നങ്ങള്‍ കാണാനെങ്കിലും എനിക്കൊന്നു ശ്രമിക്കണം.

പാതിയിലേറെ പിന്നിട്ട ജീവിതത്തിന്‍റെ വഴിത്തിരിവില്‍ ഒറ്റയ്ക്കു നിന്ന് ഇനിയും നഷ്ടങ്ങളുടെ
കണക്ക് നോക്കി കരയാന്‍ വയ്യ.

നഷ്ടബോധങ്ങളുടെ പുതപ്പ് തലയ്ക്കു മീതെ
ലിച്ചിട്ട് ഉറങ്ങി തീര്‍ക്കാനുള്ളതല്ലല്ലോ എന്‍റെ പകലുകള്‍‍ .സ്വപ്നങ്ങള്‍

ചവിട്ടിക്കുഴച്ച മണ്ണില്‍ ഇനിയും പ്രത്യാശയുടെനാമ്പുകള്‍ വളര്‍ത്തിയെടുക്കാനുള്ള ഊര്‍ജ്ജം എന്നിലെവിടെയോ ഉറങ്ങിക്കിടപ്പുണ്ട്.

എന്‍റെ നിശ്വാസവായുവിന്‍റെ ഉലയില്‍വച്ച് ഊതി ഒരുക്കുക തന്നെ വേണം നീ എന്നോ കൊളുത്തിവച്ച ആ ഊര്‍ജ്ജത്തിന്‍റെ ചെറുകണിക. അതില്‍ മൂടിക്കിടക്കുന്ന മൗനമാം ചാരത്തെ വീശിമാറ്റാന്‍ നിന്‍റെ സ്നേഹത്തിന്‍റെ ചെറുകാറ്റ് വേണമെനിക്ക്.

2013 ഫെബ്രുവരി 18, തിങ്കളാഴ്‌ച

പനിനീരു പെയ്യുവാന്‍


പനിനീരു പെയ്യുവാന്‍

_____________________________________
പോയവസന്തത്തിന്‍ ഓര്‍മ്മകള്‍ പേറുന്ന
വാത്മീക ഹൃദയത്തെ ബാക്കിവെക്കുന്നിതാ

നിഴലും നിലാവും നിലവിലക്കൊളിയും
നീ നുള്ളിനോവിക്കും കുങ്കുമചെപ്പും
നിന്‍ മുഖം കണ്ടു മതിവരാത്ത നിലക്കണ്ണാടിയും
കാലില്‍ പുളയുന്ന വെള്ളികൊലുസും
കൈയ്യില്‍ കലമ്പുന്ന കുപ്പിവളകളും

നിന്‍ നിറം തേടുന്ന സിന്ദൂരസന്ധ്യയും
നിന്നോടിടയുന്ന രാത്രിമഴകളും

സ്മരണകള്‍ നിറയുന്ന ചില്ലുകൂട്ടില്‍നിന്നു
നൊമ്പരം നുരയുന്നു ആഴിത്തിരപോലെ

പൊള്ളുന്ന വെയിലത്തു നില്‍ക്കുമ്പോളെന്‍മനം
വെമ്പുന്നു നീയാം പനിനീരു പെയ്യുവാന്‍

__________________________
റിജോ വിരുത്തിക്കണ്ടത്തില്‍

2013 ജനുവരി 31, വ്യാഴാഴ്‌ച

നിലവറകള്‍ തേടുന്നു കണ്ണുകള്‍

______________________________________
ജീവിതത്തിന്‍റെ തൂക്കുപാലത്തില്‍
മൌനത്തിന്‍റെ ഞെരക്കം
തറവാട്ടു മുറ്റത്തുത്തുള്ളി ആര്‍ത്ത
വെളിച്ചപാടിന്‍റെ ചിലമ്പിന്റെ കിലുക്കം

ഓടിഒളിക്കാന്‍ ഇരുളിന്‍റെ ഉറവയാം
നിലവറകള്‍ തേടുന്നു കണ്ണുകള്‍

അക്കരെ കടവിലെ പട്ടിണി കുഞ്ഞിന്‍റെ
നിലവിളി
ഇക്കരെ കടവിലെ തിരിയില്ലാ കാവിലെ
ശഖുനാദത്തില്‍ അലഞ്ഞലിയുന്നു

നടുത്തെരുവില്‍ ഉടുമുണ്ടുരിയപെടുന്ന
പെണ്ണിന് ഉരിഞ്ഞാല്‍ തീരാത്ത ചേലകൊടുക്കാന്‍
മറന്നു നില്‍ക്കുന്നു കൃഷ്ണന്‍

താഴെ നിരങ്ങിയൊഴുകുന്ന
ഇത്തിരി തുള്ളിക്കൊപ്പം
ഒഴുകി അകലുന്നു എന്‍റെ
മൌനത്തിന്‍റെ ഈ ചില്ലക്ഷരങ്ങള്‍

______________________________________

റിജോ വിരുത്തികണ്ടത്തില്‍

2013 ജനുവരി 29, ചൊവ്വാഴ്ച

ഇന്ന് ജനുവരി 30 ഗാന്ധിജി...........മഹാത്മാവ്.......അഹിംസയുടെ പ്രവാചകന്‍ ........അസഹിഷ്ണുതയുടെ വെടിയുണ്ടകള്‍ ഏറ്റുവാങ്ങി രക്തസാക്ഷിത്വം വരിച്ചിട്ട് അറുപത്തിയഞ്ച് വര്ഷം തികയുന്നു ...ആ മഹാ ത്യാഗിയുടെ ഓര്‍മ്മയില്‍ പ്രണാമം അര്‍പ്പിക്കുന്നു.....!!
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ നയിച്ച ഋഷി തുല്യനായ രാഷ്ട്രപിതാവിന്‍റെ ഓര്‍മ്മകള്‍ക്കായി ഈ ദിനം മാറ്റിവയ്ക്കാം.

 1919 ല്‍ ജാലിയന്‍ വാലാബാഗില്‍ സമാധാനപരമായി യോഗം ചേര്‍ന്നിരുന്ന ജനക്കൂട്ടത്തെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ബ്രിട്ടീഷ് ഭരണാധികാരികളുടെ ക്രൂരത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ, ഇന്ത്യയുടെ, സ്വാതന്ത്ര്യ ദാഹത്തെ ഒട്ടും ഭയപ്പെടുത്തിയില്ല. ആയിടയ്ക്ക് കോണ്‍ഗ്രസിന്‍റെ മഹാനായ നേതാവ് ബാല ഗംഗാധര തിലകന്‍ അന്തരിച്ചത് കോണ്‍ഗ്രസിന് ആഘാതമാവുകയും ചെയ്തു. ഈ അവസരത്തില്‍, സത്യാഗ്രഹ സമര മുറയുടെ നേതാവായ മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജിയില്‍ ഇന്ത്യ പുതിയ നേതാവിനെ കണ്ടെത്തി. ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സ്വാതന്ത്ര്യം എന്ന ലക്‍ഷ്യത്തിനായി ഗാന്ധിയുടെ പിന്നില്‍ അണി നിരന്ന കാഴ്ചയായിരുന്നു പിന്നീട് കാണാന്‍ കഴിഞ്ഞത്.

ഗാന്ധിജി നേതൃ സ്ഥാനത്തേക്ക് വന്നതിനുശേഷം മൂന്ന് ദശകങ്ങളിലായി നടന്ന സഹന സമരങ്ങള്‍ ഇന്ത്യയെ സ്വാതന്ത്ര്യത്തിന്‍റെ പുലരിയില്‍ കൊണ്ടെത്തിച്ചു.

1920-22 കാലഘട്ടത്തില്‍ നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ ബ്രിട്ടീഷ് ഭരണാ‍ധികാരികളെ അങ്കലാപ്പിലാഴ്ത്താന്‍ ഗാന്ധിജിക്ക് സാധിച്ചു. ജനങ്ങള്‍ സ്കൂളുകളും കോളേജുകളും കോടതികളും ബഹിഷ്കരിച്ചു. നിസ്സഹകരണ പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോള്‍ ഭരണാധികാരികള്‍ ഗാന്ധിജിയെ അറസ്റ്റ് ചെയ്തു. ഗാന്ധിജിക്ക് ആറ് വര്‍ഷം തടവ് നല്‍കിയ കോടതി നടപടികള്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും സശ്രദ്ധം വീക്ഷിക്കുകയായിരുന്നു. 1922 ല്‍ മുംബൈയില്‍ ഉണ്ടായ ഹിന്ദു-മുസ്ലീം ലഹള ഗാന്ധിജിയെ കുറച്ചൊന്നുമായിരുന്നില്ല വേദനിപ്പിച്ചത്. ആസമയം, പുത്രന്‍ ദേവദാസിനോട് മുംബൈയില്‍ പോയി ലഹളക്കാരോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. പുത്രനെ തന്നെ നഷ്ടമായാലും ഹിന്ദു-മുസ്ലീം ഐക്യത്തിനു വേണ്ടി അത് സഹിക്കാന്‍ ഇന്ത്യയുടെ ധീര ദേശാഭിമാനി തയ്യാറായിരുന്നു. 1930-31 കാലഘട്ടത്തിലെ ഉപ്പു സത്യാഗ്രഹം ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു. ഉപ്പ് നിര്‍മ്മിക്കുന്നത് സര്‍ക്കാരിന്‍റെ കുത്തകയാക്കിയ നടപടിക്കെതിരെ ഗാന്ധിജി നടത്തിയ നിയമ ലംഘനമായിരുന്നു അത്. എഴുപത്തിയൊമ്പത് അനുയായികള്‍ക്കൊപ്പം സബര്‍മതി ആശ്രമത്തില്‍ നിന്ന് ദണ്ഡിയെന്ന തീരപ്രദേശത്തേക്ക് യൌവ്വനത്തിന്‍റെ ചുറുചുറുക്കോട് അറുപത്തിരണ്ടുകാരനായ ഗാന്ധി നടത്തിയ യാത്ര ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വര്‍ണോജ്ജ്വലമായ ഏടാണ്. ദിനവും കാല്‍നടയായി 15 മേലോളം യാത്രചെയ്താണ് ഗാന്ധിജി ദണ്ഡിയിലെത്തിയത്.

‘തൊട്ടുകൂടാത്തവരെ’ ഒഴിച്ചു നിര്‍ത്തി ഭിന്നിപ്പിച്ചു ഭരിക്കുക
എന്ന ബ്രിട്ടീഷ് തന്ത്രത്തിനെതിരെയും ഗാന്ധിജി അഹിംസയുടെ പാതയില്‍ പടപൊരുതി. ഹിന്ദു-മുസ്ലീം ഐക്യത്തില്‍ അടിയുറച്ചു നിന്ന ഗാന്ധിജി തൊട്ടു കൂടാത്തവരെ ‘ഹരിജനങ്ങള്‍’ എന്ന് സംബോധന ചെയ്തത് മറ്റൊരു മാറ്റത്തിന്‍റെ തുടക്കമായി. ഗാന്ധിജി ആരംഭിച്ച ‘ഹരിജന്‍’, ‘ഹരിജന്‍-സേവക്’, ‘ഹരിജന്‍-ബന്ധു’ എന്നീ പ്രസിദ്ധീകരണങ്ങളും ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തിന് തിരിച്ചടിയായി. 1942 ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭമാണ് സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യയെ നയിച്ചത്. അഹിംസാ മാര്‍ഗ്ഗത്തിലൂടെയാണ് ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം തുടങ്ങിയത് എങ്കിലും ഇത് പിന്നീട് അക്രമ മാര്‍ഗ്ഗത്തിലേക്കും വഴുതി വീണിരുന്നു. ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന ഗാന്ധിജിയുടെ സന്ദേശം ദേശത്തെയാകെ ഇളക്കി മറിച്ചു. ലാത്തിയടികളും വെടിയുണ്ടകളും ജനമുന്നേറ്റത്തെ തടയാന്‍ പര്യാപ്തമായിരുന്നില്ല.




ഓഗസ്റ്റ് 15, 1947 ല്‍ ഇന്ത്യയിലെ ജനങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമായി, ഇന്ത്യ സ്വതന്ത്രയായി. പാകിസ്ഥാനും ഇന്ത്യയും എന്ന രണ്ട് രാജ്യങ്ങളുടെ പിറവിയോടെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ സ്വപ്നം പൂവണിഞ്ഞത്-ഗാന്ധിജിയുടെ ഇഷ്ടത്തിന് വിപരീതമായി. ഇന്ത്യയ്ക്ക് വേണ്ടി ഒരു ജീവിതം മുഴുവന്‍ പൊരുതിയ ഗാന്ധിജി 1948 ജനുവരി 30 ന് നാഥുറാം ഗോഡ്സെ എന്ന മതതീവ്രവാദിയുടെ വെടിയേറ്റ് മരിച്ചു. പതിവുപോലെ, വൈകിട്ട് 5:30 ന് ഉള്ള പ്രാര്‍ത്ഥനായോഗത്തില്‍
പങ്കെടുക്കാനെത്തിയതായിരുന്നു ഗാന്ധിജി. നാഥുറാം ഗോഡ്സെ ഗാന്ധിജിയെ തലകുനിച്ച് വണങ്ങി, പിന്നെ പോയന്‍റ് ബ്ലാങ്ക് റേഞ്ചില്‍ മൂന്ന് വെടിയുണ്ടകള്‍ ആ പുണ്യാത്മാവിന്‍റെ ജീവന്‍ അപഹരിച്ചു. —

2013 ജനുവരി 8, ചൊവ്വാഴ്ച

നിങ്ങള്‍ ഓര്‍ക്കുന്നുവോ ഈ അച്ഛനെ...............?????????
ജീവനുതുല്യം സ്നേഹിച്ച കുഞ്ഞു മകളെ ബലാല്‍സംഗം ചെയ്തു കൊന്ന മനുഷ്യമൃഗത്തെ കൊന്ന ഒറ്റതന്തയ്ക്കുപിറന്ന ഈ പിതാവിനെ .
അതിനു ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്‍റെ കവാടവും കടന്ന് അഹിംസകൊണ്ട് സ്വാതന്ത്ര്യം നേടിഎടുത്ത രാഷ്ട്രപിതാവിന്‍റെ നിശ്ചല രൂപത്തിന് മുന്നിലൂടെ ഇദ്ദേഹത്തിന്‍റെ കൈകളില്‍ എത്തുന്ന കത്തുകളിലെ ആദ്യാക്ഷരം ഇങ്ങനെയാണ് "സ്നേഹപൂര്‍വ്വം അച്ഛന് "
.........................................................................................
മലയാളി ഓര്‍ക്കുന്നുണ്ടാകും- ഒരു ശങ്കരനാരായണനെ. 12 വയസ്സുള്ള മകള്‍ കൃഷ്ണപ്രിയയെ സ്‌കൂള്‍വിട്ടുവരുന്നവഴി ബലാത്സംഗം ചെയ്തുകൊന്ന പ്രതിയെ വധിച്ചെന്ന കേസില്‍ അയാള്‍ കുറച്ചുകാലം തടവറയിലായിരുന്നു -കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പെണ്‍മ മണക്കുന്ന ഒരു നൂറ് എഴുത്തുകള്‍ ആ അച്ഛനെത്തേടി തടവറയിലെത്തി. അവര്‍ അയാളെ 'പ്രിയപ്പെട്ട അച്ഛനെ'ന്ന് വിളിച്ചു. ശങ്കരനാരായണനില്‍ ഒരച്ഛന്റെപ്രതിരൂപം അവര്‍ കണ്ടിരിക്കണം. തീര്‍ച്ച. എന്നും വാര്‍ത്തകളില്‍ കാണുന്ന കൊച്ചുകൂട്ടുകാരികളുടെ പേരിനൊപ്പം സ്വന്തംപേരും ചേര്‍ത്തവര്‍ വായിച്ചിരിക്കണം.
ഉള്ളിലടക്കിയൊതുക്കിയ ആന്തലോടെ ചോറ്റുപാത്രവുമായി അവരിന്നും പോകുന്നുണ്ടാകും. പള്ളിക്കൂടത്തിലേക്ക്, അല്ലെങ്കില്‍ കലാലയത്തിലേക്ക്, അതുമല്ലെങ്കില്‍ ജോലി സ്ഥലത്തേക്ക്.
.........................................................................................

2001 ഫെബ്രുവരി ഒമ്പത് വെള്ളിയാഴ്ച, ദുരന്തം മണക്കുന്ന കാറ്റ് മഞ്ചേരിക്കടുത്ത ചരങ്കാവ് ചോണങ്ങാട് പൂത്തൊടിയില്‍ ശങ്കരനാരായണന്റെ വീടിനുചുറ്റും ആഞ്ഞു വീശിത്തുടങ്ങിയത് അന്നുമുതലാണ്.
ചാരങ്കാവ് പി.എം.എസ്.എ ഹൈസ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥി കൃഷ്ണപ്രിയ രാവിരുട്ടിയിട്ടും പുരയണഞ്ഞില്ല. അന്വേഷണങ്ങള്‍ക്കൊടുവില്‍ വീടിനടുത്ത റബര്‍തോട്ടത്തിലെ കുറ്റിക്കാട്ടില്‍ അവളുടെ ചലനമറ്റ ശരീരം കണ്ടു. പ്രതി അയല്‍ക്കാരനായ മുഹമ്മദ് കോയ എന്നൊരുത്തന്‍.
ശങ്കരനാരായണന്റെ ലോകമിന്ന് ഈ വീടും കുടുംബവും മാത്രമാണ്. കൃഷിപ്പണിയുമായി, ആരോടും പരിഭവവും പരാതിയുമില്ലാതെ ഒതുങ്ങിക്കഴിയുന്നു.
..............................................................................................

ഒരിക്കലും മറക്കാത്ത ആ ഓര്‍മകളെ വീണ്ടുമൊന്ന് ആവര്‍ത്തിക്കാന്‍ ആ അച്ഛന്‍ ഇഷ്ടപ്പെടുന്നില്ല. എങ്കിലും, അയാള്‍ പലതും പറയുന്നുണ്ട്. നീതിയുടെ നെറ്റിത്തടങ്ങളില്‍നിന്ന് അനീതിയുടെ നെഞ്ചുതുളക്കുന്ന കൊമ്പുകള്‍ മുളക്കുന്നതുകണ്ട ഒരു സാധാരണക്കാരന്റെ ഉള്ളുപൊള്ളിക്കുന്ന ചില വര്‍ത്തമാനങ്ങള്‍.
കൃഷ്ണപ്രിയ പോയിട്ട് പത്ത് വര്‍ഷം തികയാറാകുന്നു. അല്ലെങ്കില്‍, ഒരു ഇരുപത്തൊന്നുകാരിയായി അവളിന്നും ആ വീട്ടിലുണ്ടാകും. കതിര്‍മണ്ഡപത്തിലേക്ക് അവളെ ആശീര്‍വദിച്ചാനയിക്കാന്‍ കൊതിച്ച ആ മുത്തശ്ശി ഇപ്പോഴും ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന കൃഷ്ണപ്രിയയുടെ ചിത്രം നോക്കി നിറകണ്ണുകളോടെ പറയാരുണ്ടായിരിക്കും ഞങ്ങളുടെ കുട്ടിയാത്

ഓര്‍മ്മപെടുത്തലിനു നന്ദി :മാധ്യമം ദിന പത്രം