വിരിഞ്ഞ്.........വിരിഞ്ഞ്
_____________________________________________________
പൂക്കളോട് എന്നും എനിക്ക് സഹതാപമായിരുന്നു ....!!!
പോകരുതെന്ന് കൈകൂപ്പി കേണിട്ടും ഒരു യാത്രാമൊഴിയുടെ സാന്ത്വനം പോലുംഅരുളാതെ പടിഞ്ഞാറേ ചക്രവാളത്തിൽ ഉരുകിയലിയുന്ന പ്രിയതമനെ നോക്കി കണ്ണുകളടച്ചു വിതുമ്പുന്ന വിരഹിണിയായ താമര പൂക്കളോട്....
രാത്രിയെ സ്നേഹിച്ച് സ്നേഹിച്ച് രാത്രിയിൽ ജനിച്ചു തന്റെ സൗന്ദര്യവും സൗരഭ്യവും ആരാലും ആസ്വദിക്കപ്പെടാതെ രാത്രിയുടെ ഇരുണ്ട മടിത്തട്ടിൽ മരിച്ചു വീഴുന്ന നിശാഗന്ധികളോട്.........
സൂര്യനെ സ്നേഹിച്ച് സൂര്യനെ മോഹിച്ച്. കണ്ണിമചിമ്മാതെ സൂര്യനെ നോക്കികൊണ്ട് തന്റെ ഇത്തിരി ജീവൻ ജീവിക്കാതെ തീർക്കുന്ന സൂര്യകാന്തി പൂക്കളോട്..........
തീരത്ത് വിരിഞ്ഞ് തീരത്തിന്റെ സൗന്ദര്യമായി തീരത്തിന്റെ സുഗന്ധമായി ഒടുവിൽ നിലയില്ലാ നീരൊഴുക്കിൽ വീണു എങ്ങോട്ടെന്നില്ലാതെ ഒഴുകി മറയുന്ന കൈതപൂക്കളോട്.............
ഒരു നിമിഷനേരത്തെ കണിയാവാൻ ഒരു വേനലിന്റെ ഉഷ്ണം മുഴുവൻ നെഞ്ചിലേറ്റി ഉതിർന്ന് മണ്ണിൽ ലയിക്കുന്ന കണിക്കൊന്ന പൂക്കളോട്.....
മുത്തശ്ശി കഥകളിലെ യക്ഷിയോടൊപ്പം ഞാനറിഞ്ഞ പാല പൂക്കളോട്......
മഴചാറ്റൽ പോലുള്ള പ്രണയങ്ങൾക്ക് നിറം പകരാൻ കഴുത്തറുത്തു സമ്മാനിക്ക പ്പെടുന്ന പനിനീർ പൂക്കളോട്......

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ