2014 ജൂലൈ 22, ചൊവ്വാഴ്ച

ബോൺസായ്



ബോൺസായ്

*******************************

വളർന്നിട്ടും വളരാതെ 
മുരടിച്ചു നിൽക്കുകയാണ് 
ഞാനെന്ന വൻമരം.

എൻറ്റെ സ്വപ്നങ്ങൾപോലെ 

(ഹസ്വമായി 
ഞാൻ പൂക്കാറുണ്ട്
പൊഴിയാറുണ്ട്

വളർച്ചയെന്ന അവകാശത്തെ
തടുത്തുനിർത്തിയ വരിഞ്ഞു
കെട്ടലാൽ വിങ്ങുന്ന ജൻമം

ഭൂമിഎന്ന വിശാലതയിൽ നിന്നും
കളിമൺ ചട്ടിയുടെ
ഇത്തിരിവട്ട തടവിലേക്ക്
പറിച്ചുനടപ്പെട്ടവൻ

കാഴ്ചയുടെ കൗതുകമായിരുന്നില്ല
കാഴ്ചക്കാരുടെ

തണലാവുകയായിരുന്നു
എൻറ്റെ ജൻമ ലക്ഷ്യം

മാനത്തേക്ക് തലയുയർത്തി
കാറ്റിലേക്ക് കൈകൾ നീട്ടി
നെഞ്ചു വിരിച്ച്
വിരാചിക്കുകയായിരുന്നു
എൻറ്റെ സ്വപ്നം

എൻറ്റെ ദുഃഖം നിങ്ങൾ
അറിയണമെന്നില്ല
കാരണം...
നിങ്ങളുടെ ഹൃദയവും
ഒരുബോൺസായിയാണ്

ജാതി,മത,വർഗ്ഗ,വർണ്ണ
ചിന്തകളുടെ അദൃശ്യ നൂലുകളാൽ
വരിഞ്ഞു മുറുക്കി മുരടിച്ചൊരു
ബോൺസായ്

സമത്വമെന്ന വിശാലതയുടെ
വളക്കൂറിലേക്ക്
തായ് വേരുകളിറങ്ങാത്തൊരു
ബോൺസായ്


റിജോ വിരുതികണ്ടത്തില്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ