2014 ജൂലൈ 22, ചൊവ്വാഴ്ച

ഭയപ്പാടുകൾ


ബാല്യമുപേക്ഷിച്ച
ദ്രവിച്ച ഊഞ്ഞാൽ കയറിൽ 
മരണം ആടി ആടി

അടുത്തു വരുന്നുണ്ട്.

ബോധ നിദ്രയുടെ
തലയ്ക്കു മീതെ 
തുരുമ്പിച്ചൊരു
വാൾമുന മിന്നുന്നുണ്ട്

നിന്നിലേക്കെത്തും 
മുൻപേ എന്നെ 
എഴുതിയൊതുക്കാൻ
കൂരിരുൾ പേനയിൽ 
മഷി നിറക്കുന്നുണ്ട്.

സ്വപ്നമെന്ന പേരിൽ
ആരോ എന്നിൽ
ജീവിതമെന്ന
ആശ നിറക്കുന്നുണ്ട്.

പകല് കുടിച്ചുതീർത്തൊരു
കറുത്തപൂച്ച
പടിഞ്ഞാറ് മാറി
മീശമിനുക്കുന്നുണ്ട്

പുഴുത്ത ചുവരിൻറ്റെ
വിടവുകൾക്കിടയിൽ
ആരോ പൂഴ്ത്തി വച്ച 
പൊക്കിൾ കൊടി 
തിരയുന്നുണ്ട്.

തെരുവോരത്തെ 
നാടോടി കുടിലിൽ
മാംസം തേടുന്ന വെളിച്ചം
ഇരുട്ട് തുരക്കുന്നുണ്ട് .

ബാല്യമുപേക്ഷിച്ച
ദ്രവിച്ച ഊഞ്ഞാൽ കയറിൽ 
മരണം ആടി ആടി
അടുത്തു വരുന്നുണ്ട്.

**************************

റിജോ വി. കെ കണ്ണപ്പിലാവ്






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ