2014 ഒക്‌ടോബർ 20, തിങ്കളാഴ്‌ച

ഓർക്കുട്ട് ഒരോർമ്മക്കൂട്ട്

ഓർക്കുട്ട് ഒരോർമ്മക്കൂട്ട്
***************** ******* 

മരണം മനുഷ്യനെ മഹാനാക്കും എന്ന വാചകം ഒരു വല്യ സത്യം തന്നെയാണ്...!!

ദാ ഇപ്പോ ഓർക്കുട്ടൻറ്റെ കാര്യത്തിലും സ്ഥിതി മറിച്ചല്ല...!!!

ഒരു കാലത്ത് ഓർക്കുട്ടൻ എന്നത് ഒരു തരംഗമായിരുന്നു...എന്താണ് സോഷ്യൽ മീഡിയ എന്ന് മലയാളികൾക്ക് മനസ്സിലാക്കി കൊടുത്തത് ഓർക്കുട്ടൻ ആയിരുന്നു...

ഓർക്കുട്ടനോട് സ്നേഹം മൂത്ത മല്ലൂസ് അവൻ്റ്റെ പേരിൽ സിൽമ വരെ ഇറക്കി... ' ഒാർക്കുട്ട് ഒരോർമ്മക്കൂട്ട് ' എന്ന പേരിൽ ..!!

സ്ക്രാപ്പുകളും കമൻറ്റുകളും തിങ്ങിനിറഞ്ഞ ഓർക്കുട്ടൻ ഇന്ന് കുറവൻ ചത്ത കുരങ്ങിനെ പോലെയാണ്..!!

സുക്കറണ്ണൻ ഫേസ്ബുക്കും കൊണ്ട് മലയാളിയുടെ മുന്നിലെത്തിയപ്പോൾ

ഒറ്റമുണ്ടും, കള്ളിസർട്ടും,, വള്ളി ചെരുപ്പും ഇട്ട് നടന്ന ഓർക്കുട്ടൻ എന്ന നാടൻ കാമുകനെ വിട്ട് ..... കോട്ടുംസ്യൂട്ടും, ടെയ്യും , ഷൂസും ഇട്ട് വന്ന അമേരിക്കൻ എൻജിനീയറെ കണ്ട ടിപ്പിക്കൽ മലയാളി കാമുകിയെപോലെ മല്ലൂസ് കൂട്ടത്തോടെ ഓർക്കുട്ടനിൽ നിന്ന് ഫേസ്ബുക്കിലേക്ക് പലായനം ചൈയ്തു....!!!

അങ്ങിനെ നിരാശാ കാമുകനായ ഓർക്കുട്ടൻ താടിയും മുടിയും വളർത്തി .. കേരളത്തിൻറ്റെ സൈബർ തെരുവുകളിലൂടെ കഞ്ചാവും പുകച്ച് ( ശ്വാസകോശം സ്പോഞ്ച് പോലെയാണ്... ) വെള്ളവും അടിച്ച് ചെമ്മീനിലെ പരീകുട്ടിയെ പോലെ അലഞ്ഞു നടന്നു ...!!

മാനസ മൈനേ വരൂ...... മധുരം നുള്ളി തരൂ...

പക്ഷേ അമേരിക്കൻ എഞ്ചിനീയറുടെ സ്റ്റാറ്റസിൽ മതിമറന്ന ബ്ലടി മല്ലൂസ് കാമുകീസ് മധുരം പോയിട്ട് ... ഇത്തിരി വെഷം പോലുംനമ്മുടെ ഓർക്കുട്ടന് നുള്ളി കൊടുത്തില്ല...!!

ഇടക്ക് ഒാർക്കുട്ടൻ ഒന്ന് ഫേഷ്യലൊക്കെ ചൈയ്ത് .. മുടി സ്പൈക്കാക്കി ഒരുമാതിരി ന്യൂ ജനറേഷൻ ' യോ യോ ' ചെക്കൻ മാരെപോലെ ഫ്രീക്ക് ആകാൻ ഒരു ശ്രമം നടത്തി.... അതിലും അമ്പേ പരാചയപ്പെട്ട ഓർക്കുട്ടനോട് സ്വന്തം തന്തയായ ജസ്റ്റിസ് ഗൂഗിൾ മേനോൻ നരസിംഹം സിൽമേലെ തിലകൻ സ്റ്റൈലിൽ ചോദിച്ചു

" എന്താ ഓർക്കുട്ടാ നിൻറ്റെ ഫ്യൂച്ചർ പ്ലാൻ "

" ഇവിടിങ്ങനെ സ്ക്രാപ്പൊക്കെ നോക്കി ...."

" സ്ക്രാപ്പ് നോക്കാൻ യൂസേർസിനെ നിർത്തിയാൽ മതി അതിന് നീ ഇങ്ങനെ ജീവിക്കണമെന്നില്ല..."

അങ്ങനെ നാടിനും വീടിനും ഉപകാരമില്ലാത്ത ഓർക്കുട്ടനെ സ്വന്തം അച്ഛനായ ജസ്റ്റിസ് ഗൂഗിൾ മേനോൻ ദയാവധത്തിന് വിധിച്ചു...
അമ്മ ജിമൈൽ ഭാരതി നെഞ്ചത്തടിച്ചു നിലവിളിച്ചു...

അമ്മാവൻ മാരായ ബ്ലഡി ഓൺലൈൻ മാധ്യമങ്ങൾ വടക്കേ പറമ്പിലേക്ക് വച്ച് പിടിച്ചു.... എന്തിനാ.....??? മാവുവെട്ടാൻ ...!!

ഓർക്കുട്ടനെ ദയാവധ വാർത്തയറിഞ്ഞ ബ്ലഡി മല്ലൂസ് കാമുകീസ് മുതലകണ്ണീർ ടാങ്കർ കണക്കിന് ഒഴുക്കി.....

"നിക്കു കാണണം... ൻറ്റെ ഓർക്കുട്ടനെ നിക്ക് കാണണം "

എന്നും പറഞ്ഞ് ലോഗിൻ പേജിൽ എത്തയപ്പോഴാണ് അവർ ആ ഞെട്ടുന്ന സത്യം മനസ്സിലാക്കിയത് ...
യൂസർനെയിമും പാസ് വേർഡും മറന്നു പോയിരിക്കുന്നു...!!

മുദ്രമോതിരം മറന്ന ദുഷ്യന്തനെപോലെ ...
പി സി ജോർജ്ജിനെ കണ്ട ഉണ്ണിത്താനെപോലെ ...!! . . . . അവർ വിജ്രുംബിച്ച് നിന്നു...!!

പാസ് വേർഡ് മറന്നിട്ടില്ലാത്ത ചില കാമുകിമാർ തുറന്നു കയറി യാത്രാമൊഴിനൽകി ഭർതൃഗൃഹത്തിൽ (FB) മാലയിട്ട് തൂക്കാൻ പാകത്തിൽ ഒരു സ്ക്രീൻ ഷോട്ടും എടുത്ത് ഉത്തുംഗദിഗന്ദപുളകിതരായി (മീനിംഗ് ചോയിക്കരുത്) തിരിച്ചിറങ്ങി..!!!

കാമുകിമാരുടെ സ്നേഹം കണ്ട ഓർക്കുട്ടൻ ചിത്രം സിനിമയിലെ ലാലേട്ടനെ പോലെ ജസ്റ്റിസ് ഗൂഗിൾ മേനോനോട് ചോദിച്ചു...

" ജീവിക്കാനുള്ള കൊതികൊണ്ട് ചോദിക്യാ എന്നെ..... എന്നെകൊല്ലാതിരിക്കാൻ പറ്റ്വോ.."

ഓർക്കുട്ടൻറ്റെ ദയാഹർജി നിഷ്കരുണം തള്ളികൊണ്ട് ജസ്റ്റിസ് ഗൂഗിൾമേനോൻ പറഞ്ഞു...!!

"ജസ്റ്റിസ് ഫാബ്രിക്കേറ്റഡ് സ്കാഡിൽ "

എന്നുവച്ചാ നിന്നെ തട്ടാതിരിക്കാൻ പറ്റൂല നീ പോക്കാ എന്ന്.......!!

ക്ഷമിക്കുക ഓർക്കുട്ടാ... ഞാനും നിൻറ്റെ കാമുകിയായിരുന്നു...!!!
എന്നോട് ക്ഷമിക്കുക ...!!!

മരണം ആരെയും മഹാനാക്കും..!!

അതേ ഓർക്കുട്ടാ ....... ആസന്നമായ മരണം നിന്നെയും മഹാനാക്കിയിരിക്കുന്നു....!!!

റിജോ കണ്ണപ്പിലാവ്




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ