കോമാളി
**************************ഒരു കുന്നുസ്വപ്നങ്ങളുടെ
ഒരുകൂടാരമുണ്ടത്രേ
നിറങ്ങൾ വാരിപ്പൂശിയ
ഒരുപിടി ജീവിതങ്ങളുണ്ടത്രേ
നിലകിട്ടാൻ ഉഴറുന്ന
ഊഞ്ഞാലുകളും
നിലയില്ലാ നിറങ്ങളുടെ
ആഘോഷങ്ങളുമുണ്ടത്രേ
കരയുന്ന കണ്ണുകളെ
മുഖത്തെഴുതിൽ ഒളിപ്പിച്ച്
ചിരിക്കുന്ന. ചിരിപ്പിക്കുന്ന
കോമാളിയുണ്ടത്രേ
വലിച്ചു കെട്ടിയ
നൂൽക്കമ്പികൾക്കിടയിൽ
മറ്റൊരു കോമാളി
പതിയിരിപ്പുണ്ടത്രേ
ചെറിയ പിഴവുകളുടെ
വലിയ പഴുതുകളിലൂടെ
ചിലപ്പോഴെല്ലാം അവൻ
രംഗത്തെത്താറുണ്ടത്രേ
നിറഞ്ഞ ചിരിയുടെ
പൊയ്മുഖങ്ങൾക്ക് മുന്നിൽ
മറ്റൊരു കോമാളി
പുനർജനിക്കാറുണ്ടത്രേ
ഒരു കുന്നുസ്വപ്നങ്ങളുടെ
ഒരുകൂടാരമുണ്ടത്രേ
നിറങ്ങൾ വാരിപ്പൂശിയ
ഒരുപിടി ജീവിതങ്ങളുണ്ടത്രേ
**************************
റിജോ കണ്ണപ്പിലാവ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ