ഞാനും നീയും
ചോദ്യങ്ങളാണ്
ഇനിയും
ചോദിച്ചുതീരാത്ത
രണ്ടു ചോദ്യങ്ങൾ
ഉണർവ്വിൻറ്റെ
തെളിമയിലെ
പാതിമറന്ന
സ്വപ്നങ്ങൾ പോലെ
കൂരിരുട്ടിൽ
ഇഴയുന്ന
അവ്യക്തതയുടെ
നിഴലുകൾ പോലെ
യാത്ര പറഞ്ഞപ്പോഴെല്ലാം
മനസ്സിൻറ്റെ
മാറാപ്പിൽ
പൊതിഞ്ഞു
സൂക്ഷിച്ചിരുന്നു
ഒരു പിടി ചിതക്കനലുകൾ
മാഞ്ഞുതീർന്നിട്ടില്ല
കരളിൻറ്റെ
കൈവെളളയിൽ
നീ വരച്ച
മൈലാഞ്ചി പാടുകൾ
തേഞ്ഞു തീർന്നിട്ടില്ല
കൂർത്തകല്ലുകളാൽ
ഹൃദയ ഭിത്തിയിൽ
നീ കോറിയിട്ട
പ്രണയാക്ഷരങ്ങൾ
കടൽ പെണ്ണ് തൊട്ടിട്ടില്ല
മണലിൽ
ചേർത്തെഴുതിയ
പേരുകളിലെ
ആദ്യാക്ഷരങ്ങൾ
മൗനമെന്നാൽ
വിപ്ലവമാണത്രെ
ഹൃദയങ്ങൾ
തോറ്റുപോകുന്ന
മഹത്തായ മാറ്റം
കണ്ണീരെന്നാൽ
സമരമാണത്രെ
ചെറുത്തു നിൽപിൻറ്റെ
പുതിയ രസതന്ത്രം
പ്രണയം ഒരിക്കലും
നിശബ്ദമല്ല
ഏകാന്തത ചുരത്തുന്ന
മൗനങ്ങളിലെ
കലപിലയാണത്
ചിലപ്പോഴെങ്കിലും
മനസ്സിനെ
അസ്വസ്ഥമാക്കുന്ന
ശബ്ദ തീവ്രത
ഭാഷയില്ലാതെ
വെറുതേ കലഹിക്കുന്ന
കുപ്പിവളത്താളങ്ങൾ
പോലെ
തമ്മിലുരഞ്ഞ്
തീപാറുന്ന
പാളവുംചക്രവും
പോലെ
അതെ , ഞാനും നീയും
ചോദ്യങ്ങളാണ്
ഒരിക്കലും
ചോദിച്ചു തീരാത്ത
ഒരൊറ്റ ചോദ്യം.
*******************
റിജോ കണ്ണപ്പിലാവ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ