2014 ഒക്‌ടോബർ 20, തിങ്കളാഴ്‌ച

തെയ്യം

൦൭൦൭൦൭൦൭൦൭൦൭൦൭൦൭൦൭൦൭
നാടുണർത്തുന്നു
രൗദ്ര വാദ്യത്തിനാൽ 
കാവു കേറുന്നൊരിരട്ട
ചിലമ്പൊലി
എണ്ണകുടിച്ചൊരു
കുത്തുവിളക്ക്
മഞ്ഞയിൽ മുങ്ങിയ
മരക്കുറിത്തട്ട്
തോറ്റമുറയുന്നു
തോറ്റിടാതെ
നീറ്റിലലിയുന്നു
നീരസങ്ങൾ
പാടിപ്പറയുന്നൊരു
വീരഗാധ
എരിഞ്ഞടങ്ങുന്നു
ഓലച്ചൂട്ട്
കാവു തീണ്ടുന്ന
കോമരം മുന്നിലായ്
കുരുതിയാകുവാൻ
പൂങ്കോഴി കൊക്കുന്നു.
അവില് നേദ്യവും
മലർപ്പൊരി പൂവതും
നിണ നിവേദ്യമായ്
കുരുതിയും മഞ്ഞളും
കരി നിറഞ്ഞൊരാ
കണ്ണൊന്നുരുട്ടിയാ
കര വിളയുവാൻ
വായ് വാക്ക് ചൊല്ലുന്നു.
കരിനാഗഫണമൊന്ന്
എഴുതിയെടുത്തൊരാ
മുഖമെഴുത്തിലെ
ദംഷ്ട്രകൾ മിന്നുന്നു
പാതികത്തി
കുരുത്തോല നാരുകൾ
നാലു ചുറ്റിലും
ചിത്രം വരക്കുന്നു
നാക്കുകൊണ്ടൊരീ
നാട്ടിൻ പെരുമതൻ
നാഥനാകുന്നു
തിറയതും തെയ്യവും
നാടുണർത്തുന്നു
രൗദ്ര വാദ്യത്തിനാൽ
കാവു കേറുന്നൊരിരട്ട
ചിലമ്പൊലി.
൦൭൦൭൦൭൦൭൦൭൦൭൦൭൦൭൦൭൦൭

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ